02:20am 21 November 2026
NEWS
കഴുതപ്പാൽ ബിസിനസിന് വൻ സാധ്യത; ലിറ്ററിന് 7,000 രൂപ വരെ വില; ആദ്യ ഫാം ആരംഭിച്ചു


20/11/2026  10:08 PM IST
nila
കഴുതപ്പാൽ ബിസിനസിന് വൻ സാധ്യത; ലിറ്ററിന് 7,000 രൂപ വരെ വില; ആദ്യ ഫാം ആരംഭിച്ചു

ഹിമാചൽ പ്രദേശിൽ കഴുതപ്പാലിന് ആവശ്യക്കാർ വർധിക്കുന്നു. ലിറ്ററിന് 5,000 മുതൽ 7,000 രൂപ വരെ വില ലഭിക്കുമെന്ന പ്രതീക്ഷയിൽ ഈ മേഖലയിൽ പുതിയ സംരംഭങ്ങളും ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ആദ്യ കഴുത ഫാം ബിലാസ്പുർ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. സൗന്ദര്യവർധക, ആരോഗ്യ ഉൽപ്പന്ന നിർമാണ കമ്പനികൾക്ക് പാൽ എത്തിക്കുകയാണ് ഫാമിന്റെ പ്രധാന ലക്ഷ്യം.

ബിലാസ്പുരിലെ കൻഡ്റോർ ഗ്രാമത്തിൽ ഡെയ്‌റിക്ക ഫാംസ് എന്ന പേരിലാണ് ഫാം ആരംഭിച്ചത്. സഞ്ജീവ് സിങ് താക്കൂറിന്റെ ഉടമസ്ഥതയിലുള്ള സംരംഭത്തിൽ നിലവിൽ 12 കഴുതകളുണ്ട്. ഇവയുടെ എണ്ണം 25 ആയി വർധിപ്പിക്കാനാണ് പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡയറി കോൺക്ലേവ് 2026ന്റെ ഭാഗമായി നടന്ന ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രി രാജേഷ് ധർമാണി ഫാം ഉദ്ഘാടനം ചെയ്തു.

കഴുതപ്പാൽ വിപണിയിൽ ഉയർന്ന വില ലഭിക്കുന്നതാണ് ഈ മേഖലയിലേക്ക് സംരംഭകരെ ആകർഷിക്കുന്നത്. ഒരു ലിറ്റർ പാലിന് 5,000 മുതൽ 7,000 രൂപ വരെ വില ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. പാൽ സംസ്കരിച്ച് നിർമിക്കുന്ന പൊടിക്ക് വില ഇനിയും ഉയരും. ഗുണനിലവാരത്തിനനുസരിച്ച് ഒരു കിലോ കഴുതപ്പാൽപ്പൊടിക്ക് 20,000 മുതൽ 80,000 രൂപ വരെ ലഭിക്കാം.

പാൽ ശേഖരണം, ഉൽപ്പാദനം, വിപണനം തുടങ്ങിയ മേഖലകളിൽ നേരത്തേ പ്രവർത്തിച്ചുവരുന്ന കമ്പനിയാണ് ഡെയ്‌റിക്ക ഫാംസ്. ഇന്ത്യയിൽ കഴുതകളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഈ മേഖലയിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് കമ്പനിയുടെ സഹസ്ഥാപക സീറത്ത് തൂർ പറഞ്ഞു.

നിലവിൽ പ്രതിദിനം 2,700 ലിറ്ററിലധികം പാൽ ശേഖരിക്കുന്നുണ്ടെന്നാണ് സഞ്ജീവ് സിങ് താക്കൂറിന്റെ വെളിപ്പെടുത്തൽ. സ്വന്തം ഫാമിലെ ഉൽപ്പാദനത്തിന് പുറമെ സമീപപ്രദേശങ്ങളിലെ കന്നുകാലി ഉടമകളുമായി സഹകരിച്ചും പാൽ ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന പാൽ വിപണിയിലെത്തിക്കുകയാണ് കമ്പനിയുടെ പ്രവർത്തനം.

പുതിയ സംരംഭം പ്രദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പരമ്പരാഗത കൃഷിയെ ആശ്രയിക്കുന്നവർക്ക് അധിക വരുമാനമാർഗം തുറക്കുമെന്നും പ്രതീക്ഷിക്കുന്നു. കഴുത വളർത്തലും പാലുൽപ്പാദനവും ഉൾപ്പെടെയുള്ള മൃഗസംരക്ഷണ മേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ സബ്സിഡി പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി 3,843 സംരംഭങ്ങൾക്ക് ഇതുവരെ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 2,014 പദ്ധതികൾക്ക് ആദ്യഘട്ട സബ്സിഡിയും വിതരണം ചെയ്തു. സൗന്ദര്യവർധക, ആരോഗ്യ ഉൽപ്പന്ന നിർമാണ മേഖലകളിൽ കഴുതപ്പാലിന് ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ ഈ സംരംഭം കൂടുതൽ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img